Society Today
Breaking News

കൊച്ചി: വ്യാപാരികളെ നിരന്തരം ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഈ മാസം 28 ന് സെക്രട്ടറിയേറ്റ് വളയുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ടൈഫോയിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കില്ലെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ വ്യാപാരി ദ്രോഹം അവസാനിപ്പിക്കുക, ടൈഫോയ്ഡ് വാക്‌സിന്‍ എല്ലാ സര്‍ക്കാര്‍ആശുപത്രികളിലും ഉറപ്പാക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു.രാജേന്ദ്ര മൈതാനത്തിനു സമീപത്തെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഡി.എം.ഒ ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ഉപരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു.

കടുത്ത പ്രതിസന്ധികളില്‍പ്പെട്ട് മുന്നോട്ടുപോകാനാവാതെ കഷ്ടപ്പെടുന്ന വ്യാപര സമൂഹത്തെ വേട്ടയാടുന്ന സര്‍ക്കാരിന്റെ കിരാത നയം അംഗീകരിക്കില്ലെന്ന് പി.സി ജേക്കബ്  പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ തെരുവിലടക്കം കച്ചവടം നടത്തുന്ന വ്യാപാരികളെ ചൂഷണം ചെയ്യുന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന് ഒത്താശ ചെയ്യുകയാണ് ഉദ്യോഗസ്ഥര്‍.ഇത് ഇനിയും അനുവദിച്ചു കൊടുക്കാന്‍ കേരളത്തിലെ വ്യാപാര സമൂഹം തയ്യാറല്ല.സര്‍ക്കാര്‍ നിലപാടിനെതിരെ ഈ മാസം 28 ന് വ്യാപാരികള്‍ സെക്രട്ടറിയേറ്റിലേക്ക്  മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും പി സി ജേക്കബ് പറഞ്ഞു.ടൈഫോയ്ഡ് പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടത് ആറുവയസിനും 45 വയസിനും ഇടയിലാണെന്ന് മെഡിക്കല്‍ ബോര്‍ഡും മെഡിക്കല്‍ സയന്‍സും അംഗീകരിച്ച നിബന്ധന നിലവിലുള്ളപ്പോള്‍ 50 ഉം 60 ഉം 70 ഉം വയസുള്ള പാവപ്പെട്ട ചെറുകിട കച്ചവടക്കാര്‍ അടക്കമുളളവര്‍ വാക്‌സിന് എടുക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നതിനു പിന്നിലെ ലക്ഷ്യം കമ്മീഷന്‍ ആണെന്ന് ഉപരോധ സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ റിയാസ് പറഞ്ഞു.കേരളത്തിലെ വ്യാപാര,ബേക്കറി,ഹോട്ടല്‍ മേഖലകളില്‍ ആറു ലക്ഷത്തോളം പേര്‍ പണിയെടുക്കുന്നുണ്ട്.2,000 രൂപയാണ് വാക്‌സിന്‍ വില.ഇത്തരത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം 20,000 കോടി രൂപയുടെ വാക്‌സിന്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് ഇവര്‍ സ്വപ്‌നം കാണുന്നത്.ഇത്രയും വലിയ തുകയുടെ വാക്‌സിന്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ ആണ് ഇവരുടെ ലക്ഷ്യമെന്നും അഡ്വ.എ.ജെ റിയാസ് ആരോപിച്ചു.

ഈ നിയമം നടപ്പിലാക്കാന്‍ ഒരു കാരണവശാലും വ്യാപാര സമൂഹം അനുവദിക്കില്ല.അമിതാധികാരം ഉപയോഗിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് കടന്നുകയറി പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ അനുവദിക്കില്ലെന്നും അഡ്വ.എ.ജെ റിയാസ് പറഞ്ഞു.യൂത്ത് വിംഗ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് എം. സി പോള്‍സന്‍ ,ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ്‌ഫോസ്റ്റസ് ,നിയോജക മണ്ഡലം യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി വി.ജംഷീര്‍ ,ടിജോ തോമസ് ,യൂണിറ്റ് പ്രസിഡന്റ് മാരായ കെ വി മുഹമ്മദലി ,പി ജെ ജോര്‍ജ് ,കെ.എസ് അബ്ദുല്‍ ഷുക്കൂര്‍,ഏകോപന സമിതി നേതാക്കളായ മുഹമ്മദ് റാഫി,കെ.സി സുനീഷ്, പി.പി ഫൈസല്‍, വി. എ ശിഹാബ്  , വി.കെ അന്‍സാരി ,വി.യു ജലീല്‍ ,എന്‍.എ അഭിലാഷ് ,എസ് മനോജ് കുമാര്‍ ,ഷൈസണ്‍ ആല്‍ബര്‍ട്ട്, എസ്. അയ്യൂബ് ,മാനുവല്‍ സേവ്യര്‍ ,ഷിബു മുളവുകാട്,മാര്‍സലി മുളവുകാട്, പി വി മോഹന്‍ ദാസ്,സൈമണ്‍,ടെന്‍സന്‍ ജോര്‍ജ് , പി.വി പ്രേം ,ജെയിന്‍ ,രഹനാസ് ,ഷാജി,ബിജു തുടങ്ങിയവര്‍ സംസാരിച്ചു.


 

Top